മലപ്പുറം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളില്‍ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പു വരുത്തുന്നതിന് മാസങ്ങള്‍ക്കു മുമ്ബ് നടത്തിയ പരിഷ്കരണത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്.
40 പേർക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ട അഞ്ചുപേർക്ക് നല്‍കിയ ക്വോട്ടയില്‍ പരിഷ്കരണം വരുത്തിയതാണ് പ്രധാനം.
ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെങ്കില്‍ മുൻകൂട്ടി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കണം. നിലവില്‍ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകർ ഇല്ലെങ്കില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നല്‍കുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തും.
ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്ബോള്‍ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതല്‍ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തു കളഞ്ഞിട്ടുണ്ട്.
ഇനിമുതല്‍ ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കില്‍ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളില്‍ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് വിരാമമായയത്.
ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ്.