ബിജെപി നേതാവ് പി.സി.ജോർജ് ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഗൗരവമായി എടുക്കേണ്ട കാര്യമാണെന്ന് ഹൈക്കോടതി. ചാനല്‍ ചർച്ചയില്‍ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസില്‍ ജോർജ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ പരാമർശം. ഒരബദ്ധം പറ്റിയതാണെന്നും പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പി.സി ജോർജിന് വേണ്ടി അഭിഭാഷകൻ അറിയിച്ചു.
എന്നാല്‍, ഒരബദ്ധമല്ലെന്നും അബദ്ധ പരമ്പരയാണെന്നും കോടതി വിമർശിച്ചു. സമാന കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് നിരന്തരം ലംഘിക്കുകയാണെന്ന് സിംഗിള്‍ ബൈഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ സാധാരണക്കാരനല്ല, 40 വർഷം എംഎല്‍എ ആയിരുന്നയാളാണെന്നും കോടതി പറഞ്ഞു. ജോർജിന്റേത് വിദ്വേഷ പരാമർശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സർക്കാർ വാദിച്ചു. മുൻവിധിയോടെ പറഞ്ഞതല്ലെന്നും ചാനലിലെ തത്സമയസംവാദം ചൂടുപിടിച്ചപ്പോള്‍ പറഞ്ഞു പോയതാണെന്നും ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു.
മുമ്പ് നടത്തിയ പരാമർശത്തിന് ഒരു ദിവസം ജയിലില്‍ കഴിഞ്ഞതാണ്. ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രസ്താവന കൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല. ജനം കേട്ട് ചിരിക്കുക മാത്രമാണുണ്ടായത്. ഹർജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. ഉത്തരവുകളുടെ ലംഘനം ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞ കോടതി ഹർജിക്കാരൻ പോലീസില്‍ കീഴടങ്ങുന്നതല്ലേ ഉചിതമെന്നും ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കണം. ജോർജിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് അതുവരെ നീട്ടിയതായും കോടതി പറഞ്ഞു.



