കുട്ടികളില്‍ വാക്കിങ് ന്യുമോണിയ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യുമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോട് കൂടിയതാണ് വാക്കിങ് ന്യുമോണിയ. കുട്ടികളിലുണ്ടാകുന്ന ഒരു തരം ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. പ്രധാനമായും മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയയാണ് ഇത് ഉണ്ടാകുന്നത്.
ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയും രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നതുവരെ സുഖം പ്രാപിച്ചാലും കുട്ടി കുറച്ചുദിവസം വീട്ടില്‍ത്തന്നെയിരിക്കണം. അഞ്ച് മുതല്‍ 15 വയസുവരെയുള്ളവരെയാണ് നേരത്തെ രോഗം ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിലും പ്രായം കുറഞ്ഞ കുട്ടികളിലും രോഗം പടരുന്നുണ്ട്.
⭕ലക്ഷണങ്ങള്‍:
ജലദോഷം 7 മുതല്‍ 10 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായി തോന്നുമ്പോള്‍, പ്രത്യേകിച്ച് ചുമ വര്‍ധിക്കുകയോ വിട്ടുമാറാതിരിക്കുകയോ ചെയ്താല്‍ അത് വാക്കിങ് ന്യുമോണിയ ആകാം. രോഗലക്ഷണങ്ങള്‍ പലപ്പോഴും മൈല്‍ഡ് ആയിരിക്കും. ചില സമയത്ത് മാത്രം ഗുരുതരമായി തോന്നിയേക്കാം.
പനി, ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ചുമ, ക്ഷീണം, തലവേദന, വിറയല്‍, തൊണ്ടവേദന, ജലദോഷം അല്ലെങ്കില്‍ പനി പോലെയുള്ള ലക്ഷണങ്ങള്‍ മുതല്‍ ശ്വാസംമുട്ടല്‍ വരെ ലക്ഷണങ്ങളായി കണക്കാക്കാം.വാക്കിങ്ന്യുമോണിയയുടെ ലക്ഷണങ്ങള്‍ സാധാരണയായി അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തോ മധ്യ ഭാഗത്തോ അണുബാധയുള്ള കുട്ടിക്ക് ശ്വാസതടസം ഉണ്ടാകാം.
ശ്വാസകോശത്തിന്റെ താഴെ വയറിന് സമീപം അണുബാധ ഉള്ളവര്‍ക്ക് ശ്വസന പ്രശ്‌നങ്ങള്‍ക്ക് പകരം വയറുവേദന, ഓക്കനം, ഛര്‍ദി എന്നീ ലക്ഷണങ്ങളുണ്ടാകാം.
⭕പകരാന്‍ സാധ്യത:
സമ്പര്‍ക്ക സാധ്യതയുളള സ്ഥലങ്ങളില്‍നിന്നാണ് രോഗം പകരുന്നത്. രോഗ ബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ മറ്റുളളവരിലേക്ക് പകരാം. അതുകൊണ്ടുതന്നെ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. വീട്ടില്‍ എല്ലാവരും ഇടയ്ക്കിടെ കൈകള്‍ കഴുകുകയും രോഗിയുടെ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.