Sunday, December 8, 2024
Homeകേരളം'പരാതിയ്ക്ക് പിന്നില്‍ അവസരം ലഭിക്കാത്തതിനുള്ള നിരാശ'; രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.

‘പരാതിയ്ക്ക് പിന്നില്‍ അവസരം ലഭിക്കാത്തതിനുള്ള നിരാശ’; രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസില്‍ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി.

2009-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്.സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു ഇതെന്ന് രഞ്ജിത്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന തനിയ്‌ക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നില്‍ തെറ്റായ ഉദ്ദേശ്യങ്ങളുണ്ട്.15 വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിനു പിന്നിലുള്ള നിരാശയും അമര്‍ഷവുമാണ് നടിയുടെ ഇപ്പോഴത്തെ പരാതിയ്ക്ക് പിന്നില്‍.

താന്‍ നിരപരാധിയാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഡ്വ. പി. വിജയഭാനു മുഖേന രഞ്ജിത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗിക ലക്ഷ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് നടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുക്കുകയും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

നടിയുടെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന സമയം മുഴുവന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരായിരുന്ന ശങ്കര്‍ രാമകൃഷ്ണന്‍, ഗിരീഷ് ദാമോദരന്‍, പ്രൊഡ്യൂസര്‍ സുബൈര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവര്‍ സന്നിഹിതരായിരുന്നെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.ശങ്കര്‍ രാമകൃഷ്ണനാണ് പ്രൊജക്ടിനെക്കുറിച്ച് നടിയുമായി സംസാരിച്ചത്. എന്നാല്‍, ശങ്കര്‍ രാമകൃഷ്ണനെക്കുറിച്ച് നടിയുടെ പരാതിയില്‍ പരാമര്‍ശമില്ലാത്തത് സംശയാസ്പദമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments