Saturday, November 14, 2026
Homeകേരളംദേവികുളത്ത് കാട്ടാനശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു, വീടിന്റെയും ക്വാർട്ടേഴ്‌സിന്റെയും ഗേറ്റുകൾ തകർത്തു.

ദേവികുളത്ത് കാട്ടാനശല്യം രൂക്ഷം; കൃഷി നശിപ്പിച്ചു, വീടിന്റെയും ക്വാർട്ടേഴ്‌സിന്റെയും ഗേറ്റുകൾ തകർത്തു.

മൂന്നാർ; ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ വന്യമൃഗശല്യം വർധിച്ചുവരുന്നതിനിടെ മൂന്നാർ ദേവികുളത്ത് കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. ഹാരിസൺ ഫാക്ടറിക്ക് സമീപം മുക്കത്ത് ജോർജിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചത്.

മത്തങ്ങ, കാബേജ്, പേരയ്ക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയ കൃഷിവിളകൾ ആനക്കൂട്ടം തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു. വീടിന്റെ ഗേറ്റും സമീപത്തെ ക്വാർട്ടേഴ്‌സിന്റെ ഗേറ്റും തകർത്തു. നേരത്തെയും ഈ പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം ജോർജിന്റെ കാർ ആക്രമിച്ച് കേടുപാടുകൾ വരുത്തിയിരുന്നു.

കുട്ടിയാനകൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം കഴിഞ്ഞ ദിവസം ഉച്ചയ്ക്കും രാത്രിയിലുമായി രണ്ടുതവണയാണ് വീടിനും കൃഷിയിടത്തിനും സമീപമെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തള്ളയാനയും മൂന്ന് കുട്ടിയാനകളും അടങ്ങുന്ന സംഘം തോട്ടത്തിലെത്തി. ഏകദേശം രണ്ടര മണിക്കൂറോളം തോട്ടത്തിൽ നിലയുറപ്പിച്ച ആനകൾ കൃഷിവിളകൾ നശിപ്പിച്ചതായി ജോർജ് പറഞ്ഞു.

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തുടർച്ചയായ ആനയിറക്കത്തിൽ കൃഷിയും വാഹനവും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടിവരുന്ന അവസ്ഥയിലാണ് ജോർജിന്റെ കുടുംബം.

മുൻപ് പടയപ്പയുടെ സ്ഥിരം സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്ന ഈ മേഖലയിൽ ഇപ്പോൾ കുട്ടിയാനകളടക്കമുള്ള കാട്ടാനക്കൂട്ടവും പതിവായി എത്തുന്നത് ആശങ്ക വർധിപ്പിക്കുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിങ് ശക്തമാക്കണമെന്നും കാട്ടാനകളെ ജനവാസമേഖലയിൽ നിന്ന് വനത്തിലേക്ക് തിരിച്ചുകയറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്വന്തം കൃഷിയും വീടിന്റെ പരിസരവും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യം കർഷകരുടെ ഉപജീവനമാർഗത്തിനും വലിയ ഭീഷണിയായി മാറുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ