Wednesday, March 19, 2025
Homeകേരളംഗുരുവായൂര്‍ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറി: വൻ ഭക്തജന തിരക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറി: വൻ ഭക്തജന തിരക്ക്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ഊരാളന്‍ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു. കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍, കാഴ്ചശീവേലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. 19 ന് രാത്രി ആറാട്ടിനു ശേഷമാണ് കൊടിയിറങ്ങുക.

ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരമായിരുന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 ആനകളുണ്ടെങ്കിലും ഗജപ്രിയനായ ഗുരുവായൂരപ്പന്‍ തിങ്കളാഴ്ച്ച രാവിലെ ആനയില്ലാതെ ശീവേലി പൂര്‍ത്തിയാക്കി.

ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരികൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂരപ്പന്‍റെ സ്വര്‍ണത്തിടമ്പ് കൈകളിലേന്തി മാറോട് ചേര്‍ത്ത് പിടിച്ച് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി.

ഭക്തര്‍ നാരായണനാമം ജപിച്ച് അനുഗമിച്ചു. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നുവെന്നാണ് ഐതിഹ്യം. ഉച്ചയാകുമ്പോഴേക്കും ക്ഷേത്രത്തിലേക്ക് കുടമണി കിലുക്കി ആനകള്‍ ഓടിയെത്തിയെന്നും പറയുന്നു. അതനുസ്മരിച്ചാണ് കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാ ശീവേലിയും ഉച്ചയ്ക്ക് ആനയോട്ടവും നടത്തുന്നത്. ഈ ദിവസം ആനയോട്ട സമയത്ത് മാത്രമാണ് ക്ഷേത്രപരിസരത്തേക്ക് ആനകളെ കൊണ്ടുവരിക.

ക്ഷേത്രോത്സവത്തിന്‍റെ പ്രസാദ ഊട്ടിനുള്ള കലവറയും ഒരുങ്ങിയിട്ടുണ്ട്. ഒമ്പതു ദിവസങ്ങളിലായി ഭക്തജന ലക്ഷങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കാളികളാകും. പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി.

ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറ് ഭാഗത്താണ് കലവറ. നൂറുകണക്കിന് ക്വിന്‍റല്‍ അരി, മുതിര, വെളിച്ചെണ്ണ, മത്തന്‍, എളവന്‍ തുടങ്ങിയവയാണ് കലവറയിലെത്തിയിട്ടുള്ളത്. പ്രസാദ ഊട്ടിനും പകര്‍ച്ചക്കും മുന്തിയ ഇനം പൊന്നി, മട്ട, കുറുവ എന്നീ അരിയാണ് ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതലാണ് പ്രസാദ ഊട്ടും പകര്‍ച്ചയും ആരംഭിക്കുക.

ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ കഞ്ഞി, മുതിര, പുഴുക്ക്, പപ്പടം എന്നിവ നല്‍കും. പാള പ്ലേറ്റിലെ കഞ്ഞി കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളുമുണ്ടാകും. ക്ഷേത്രത്തിന് വടക്ക്ഭാഗത്ത് ഒരുക്കിയ പന്തലില്‍ വൈകിട്ട്, ചോറ്, കാളന്‍, ഓലന്‍, ഉപ്പിലിട്ടത്, പപ്പടം എന്നീ വിഭവങ്ങളും നല്‍കും.

ദിവസവും അര ലക്ഷത്തോളം പേര്‍ക്കുള്ള പകര്‍ച്ച വിതരണം ചെയ്യുമെന്നും കാല്‍ ലക്ഷത്തോളം പേരെ പ്രസാദ ഊട്ടിന് പ്രതീക്ഷിക്കുന്നുവെന്നും ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധമുള്ളവര്‍ക്ക് കാര്‍ഡ് പ്രകാരമാണ് പകര്‍ച്ച നല്‍കുന്നത്.ഒമ്പതു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ക്കുള്ള വിഭവങ്ങളാണ് തയ്യാറാക്കുക. ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. ഇനി ഒമ്പതു ദിവസം കഴിയാതെ ഈ അഗ്‌നി അണയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments