കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിൽ സീറോമലബാർ സഭയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കുന്നതിനായി മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. നടപടി നേരിട്ട വൈദികരെ യോഗത്തിലേക്ക് വിളിച്ചതിൽ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധവുമുണ്ടായി.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് പരിഹാരം തേടിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ അധ്യക്ഷതയിൽ വൈദിക സമിതി യോഗം ചേർന്നത്. ജനാഭിമുഖ കുർബാന വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ കഴിഞ്ഞാഴ്ച ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചതിനു പിന്നാലെയാണ് വൈദിക സമിതി യോഗം വിളിക്കാൻ മെട്രോ പൊലിറ്റൻ വികാരി മാർ ജോസഫ് പാംപ്ലാനി തീരുമാനിച്ചത്.
ആഴ്ചയിൽ ഒരു ഏകീകൃത കുർബാന എന്ന അതിരൂപത പക്ഷത്തിൻ്റെ നിർദേശവും യോഗത്തിൽ ചർച്ചയായി. അതിരൂപത ആസ്ഥാനത്ത് നടന്ന യോഗത്തിൽ വൈദികസമിതി അംഗങ്ങൾക്ക് പുറമെ ഫൊറോന വികാരിമാരും പങ്കെടുത്തു
. പോസിറ്റീവ് ആയിരുന്നു ചർച്ച എന്നും നിർദ്ദേശങ്ങൾ വൈദികരുടെ യോഗം വിളിച്ചുകൂട്ടി അവരുമായി ചർച്ച ചെയ്ത ശേഷം ജൂലൈ മൂന്നിനു മുമ്പായി പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നും വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
സഭാനടപടി നേരിട്ട വൈദികരെ ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധിച്ച് അതിരൂപത വിശ്വാസി കൂട്ടായ്മ ബിഷപ്പ് ഹൗസിന് സമീപം സമരം നടത്തി. ബസിലിക്ക അങ്കണത്തിൽ തമ്പടിച്ച ഒരു സംഘം വിശ്വാസികൾ വൈദികർക്കെതിരെ മുദ്രാവാക്യം വിളിച്ചു.
കൂട്ടത്തിൽ ചിലർ വൈദികർ വന്ന വാഹനങ്ങളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കി വൈദികർക്കു മടങ്ങാൻ സൗകര്യമൊരുക്കിയത്.



