Sunday, December 8, 2024
Homeകേരളംആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തി ആർഭാട ജീവിതം നയിച്ച മോഷ്ടാവ് അറസ്റ്റിൽ

ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തി ആർഭാട ജീവിതം നയിച്ച മോഷ്ടാവ് അറസ്റ്റിൽ

ആലപ്പുഴ: ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.

മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം.

രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു കൊണ്ടുപോകുന്നത് പ്രതിയുടെ മോഷണ രീതി ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ സ്ഥലത്ത് നിന്ന് രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറ, ഡി.വി.ആർ, മറ്റു സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും നിലവിലുണ്ട്. മോഷണത്തിന് ശേഷം ഇയാൾ പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂരിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു.

മോഷണമുതൽ ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം നോർത്ത്, കീഴ്വായ്പൂര്, കായംകുളം, മാവേലിക്കര, കുറത്തികാട്, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസുകളിൽ പ്രതിയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്. പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് ഇൻസ്പെക്ടർ പി. കെ. മോഹിത്, എ.എസ്.ഐമാരായ രാജേഷ് ആർ. നായർ, രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണ പിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments