കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകും. ഓണത്തിനും മുന്നേ ശമ്പളം എത്തിയതിൽ വലിയ സന്തോഷമെന്ന് ജീവനക്കാരും പ്രതികരിച്ചു.
ജീവനക്കാർ ഓണം ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ ഫെയ്സ് ബുക്കിലും കുറിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നാം തീയതിക്ക് മുൻപ് ശമ്പളം എത്തുന്നുണ്ടെങ്കിലും ഓണത്തിനും നേരത്തെ ശമ്പളം എത്തിയതിന്റെ സന്തോഷത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടുകൂടി കെഎസ്ആർടിസി മേഖലയിലെ പ്രതിസന്ധികൾ ഒക്കെയും പരിഹരിച്ച് ജീവനക്കാർക്ക് നൽകിയ വാക്കും കൂടിയാണ് മന്ത്രി പാലിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രം ഇന്ധന വിലയിൽ വർദ്ധനവ് വരുത്തിയ സാഹചര്യത്തിലും പ്രതിസന്ധികളെ മറികടന്ന് സർക്കാർ, ഇത്തവണ താൽക്കാലിക ജീവനക്കാർക്ക് 1000 രൂപ ബോണസും വിതരണം ചെയ്യുകയാണ്.
മന്ത്രി കെ ബി ഗണേഷ്കുമാർ തന്നെയാണ് ശമ്പള വിതരണക്കാര്യവും ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷമെന്നും മന്ത്രി തന്‍റെ ഫെയ്ബുക്കിൽ കുറിച്ചു. മാസം 50 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആർടിസി ശമ്പളത്തിനായി സഹായം നല്‍കുന്നത്.
79 കോടിയിലധികം രൂപയാണ് ശമ്പളയിനത്തില്‍ കെഎസ്ആർടിസി നല്‍കിയത്. ജീവനക്കാർക്ക് ഉത്സവബത്തയായി 3,000 രൂപയും ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും ലഭിക്കും. താത്കാലിക ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ പോലെ ബോണസ് 1000 രൂപയുമാണ് നൽകുന്നത്.



