കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കംഇന്ന് ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും.
ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലീസ് എത്തിക്കും.പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും. ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കും കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു.
അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന വഴികളെല്ലാം അടയ്ക്കുന്നതിന് തീരുമാനിച്ചു. കല്ലേലി റോഡിൽ എല്ലാ സമയത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്രോളിങ് ഏർപ്പെടുത്തുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.ഒറ്റയാനെ പ്രദേശത്തു നിന്നും പിടിച്ച് മറ്റു സ്ഥലത്തേക്ക് എത്തിക്കുന്നതിനായി കളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നൽകും.
മലയാലപ്പുഴ പഞ്ചായത്തിൽ കാട്ടാന ശല്യമുള്ള വട്ടത്തറ,മുക്കുഴി, പുതുക്കുളം പ്രദേശങ്ങളിൽ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കും. നിലവിലുള്ള എല്ലായിടങ്ങളിലും സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിന് എംഎൽഎ റാന്നി കോന്നി ഡി എഫ് ഓ മാർക്ക് നിർദ്ദേശം നൽകി.തുക അനുവദിച്ച ഹാങ്ങിങ് സോളാർ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി.
വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ 9188407515 നമ്പറില്‍ ബന്ധപ്പെടണം



