എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരുടെ കൈവശം യാതൊരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തി. പദ്ധതി നിർത്തിവക്കണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരായ വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. അത്തരമൊരു അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും സർക്കാർ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എഐ ക്യാമറ സ്ഥാപിക്കുന്നതിന് ഉള്‍പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത് എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദം. എന്നാൽ സർക്കാരിൻ്റെ കരാറിൽ കോടതി ഇടപെട്ടില്ല. പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും എ ഐ ക്യാമറ പ്രവർത്തനം പൂർണ്ണമായി തടയണം എന്നുമായിരുന്നു മറ്റൊരു ആവശ്യം. ഇതും കോടതി അംഗീകരിച്ചില്ല.
ഹർജിയെ എതിർത്ത് സർക്കാർ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. നടപടികൾ സുതാര്യമാണെന്ന് രേഖകൾ ഹാജരാക്കി സർക്കാർ വിശദീകരിച്ചു. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹന അപകടങ്ങൾ ഗണ്യമായി കുറഞ്ഞതിൻ്റെ കണക്കുകളും സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.
സർക്കാർ വാദങ്ങളെല്ലാം അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ പ്രതിപക്ഷ നേതാവിന് തിരിച്ചടിയായി. കെ ഫൊൺ പദ്ധതിക്കെതിരെ പ്രതിപക്ഷം സമർപ്പിച്ച മറ്റൊരു ഹർജി ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു.
സർക്കാരിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങൾ ഒന്നും കോടതിയിൽ തെളിയിക്കാനാവാത്തത് പ്രതിപക്ഷത്തിന് രാഷ്ട്രീയമായും നിയമപരമായും തിരിച്ചടിയായി. വിഷയത്തിൽ നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തി ക്കൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് വ്യക്തിപരമായ തിരിച്ചടി കൂടിയായി ഹൈക്കോടതി ഉത്തരവ്



