കോട്ടയ്ക്കൽ:മിനിസ്ക്രീനിൽ തിളങ്ങും ഗായികയ്ക്കു തിരക്കുകൾക്കിടയിലും മികച്ച വിജയം. ഗവ. രാജാസ് സ്കൂൾ വിദ്യാർഥിയായ തീർഥ സത്യൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൈരളി ടിവിയുടെ “കുട്ടിപ്പട്ടുറുമാലി”ലും ഫ്ലവേഴ്സ് ടിവിയുടെ സംഗീത പരിപാടിയിലുമെല്ലാം ടോപ്സിങ്ങർ ആയിരുന്നു തീർഥ. വിവിധയിടങ്ങളിൽ നടക്കുന്ന ഗാനമേളകളിലും സജീവമാണ്. കോഴിക്കോട് നടന്ന കഴിഞ്ഞവർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ, ശാസ്ത്രീയ സംഗീതം, സംഘഗാനം എന്നിവയിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ജില്ലാ കലോത്സവത്തിലും തിളക്കമാർന്ന വിജയം നേടി. ശാകംബരി കേശവനും നിസാർ തൊടുപുഴയുമാണ് ഗുരുക്കൻമാർ.
അച്ഛൻ സി.വി.സത്യൻ ചുള്ളിപ്പാറ എഎംഎൽപി സ്കൂൾ അധ്യാപകനും അമ്മ ബിന്ദു പുതുപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. ഡൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർഥിയായ സഹോദരൻ ഋഷികേശും കലാരംഗത്തുണ്ട്.