കോട്ടയ്ക്കൽ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു ശരീരം തളർന്ന ഫാറൂഖ് നഗർ ചങ്ങരംചോല ഖദീജയ്ക്കു സ്വന്തം കാലിൽ നിൽക്കാൻ വരുമാനമാർഗമായി. ചെനയ്ക്കലിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമനം ലഭിച്ചത്. വടിയിൽ ഊന്നി
സ്കൂളിലേക്കു നടന്നുപോകുന്നതിന് പ്രയാസം നേരിട്ടതോടെ നാലാം ക്ലാസിൽ പഠനം നിർത്തിയ ഖദീജ (36) പിന്നീട് ഏഴാം ക്ലാസ് തുല്യതാപരീക്ഷയിൽ വിജയിച്ചു.
മാതാപിതാക്കളെ നേരത്തേ നഷ്ടപ്പെട്ട യുവതി വെറ്റില ചായ്ച്ചു കെട്ടിയും തുണികൾ തയ്ച്ചും ബാങ്കുകളിലും പ്രസ്സുകളിലും പോയി ബൈൻഡിങ്ങ് ജോലി ചെയ്തുമാണ് ജീവനോപാധി കണ്ടെത്തിയത്.
ചില പിഎസ് സി പരീക്ഷകൾ എഴുതുകയും അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും തൊഴിൽ ലഭിച്ചില്ല. തുടർന്നാണ് നഗരസഭാധികൃതരുടെ ഇടപെടൽ മൂലം ഹോമിയോ ഡിസ്പെൻസറിയിൽ ജോലി കിട്ടിയത്.
ശാരീരിക പ്രയാസങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഖദീജയെക്കുറിച്ച് മനോരമ കഴിഞ്ഞ വനിതാദിനത്തിൽ വാർത്ത നൽകിയിരുന്നു.
ഊരാളി ജയപ്രകാശ്