കോട്ടയ്ക്കൽ. മീനസൂര്യൻ ഉച്ഛസ്ഥായിയിൽ കത്തിനിൽക്കെ, ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിനു (കോട്ടയ്ക്കൽ പൂരം) തുടക്കമായി. 3 ഗജവീരൻമാരുടെ അകമ്പടിയിൽ, പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യത്തോടെ ധന്വന്തരീമൂർത്തിയെ പുറത്തേക്കു എഴുന്നള്ളിച്ചു. ചിനുപ്പുറത്ത് ശ്രീക്കുട്ടൻ വിശ്വംഭരന്റെ തിടമ്പേറ്റി.
കോട്ടയ്ക്കൽ രവി മദ്ദളത്തിലും തിരുവാലത്തൂർ ശിവൻ ഇടയ്ക്കയിലും പൂക്കാട്ടിരി രാമപൊതുവാൾ ശംഖിലും മച്ചാട് പത്മകുമാർ കൊമ്പിലും കാട്ടുകുളം ബാലകൃഷ്ണൻ ഇലത്താളത്തിലും പ്രമാണം വഹിച്ചു. പുത്തൂർ ഹരിദാസ് ഡോഗ്ര, വിദ്വാൻ മധൂർ കുശ്ര എന്നിവരുടെ ഡമ്പിൾ സാക്സോഫോൺ കച്ചേരി, മാർഗി രഹിത, മാർഗി ശോഭിത, പനമണ്ണ ശശി എന്നിവരുടെ തായമ്പക എന്നിവയുണ്ടായി. ഇന്ന് വൈകിട്ട് 7ന് വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 9ന് കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക, കഥകളി എന്നിവയുണ്ടാകും. ഉത്സവം 24ന് സമാപിക്കും.