മന:പ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിൽ മകനെ പെരുനാട് പോലീസ് പിടികൂടി. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മകൻ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമർദ്ദനം ഏറ്റത്. കൈകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച ഇയാൾ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചിൽ പിടിച്ചമർത്തുകയും ചെയ്തതായി മൊഴിയിൽ പറയുന്നു.
വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് 164 സി ആർ പി സി പ്രകാരമുള്ള മൊഴിയെടുക്കുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എസ് ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ കൊച്ചുകുളത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവാവിന്റെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി, തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.