കണ്ണൂർ: കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ മന്ത്രാലയം. അതുപോലെ മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവെ ഈ നീക്കം നടത്തിയിരിക്കുന്നത് കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയിൽവെ മാറ്റം വരുത്തിയിരിക്കുന്നത്.
മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നു. അതുപോലെ മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുക. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയർ കോച്ചിലേക്ക് മാറും.
എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്ന പുതിയ നയമാണ് റെയിൽവെ സ്വീകരിച്ചിരിക്കുന്നത്. വന്ദേഭാരത് അടക്കമുളള പ്രീമിയം സർവീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളിൽ ലഭിച്ചിരിക്കുന്നത്. മിതമായ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ലീപ്പർ കോച്ചുകളെ ആശ്രയിക്കുന്നവർക്കാണ് ഈ തീരുമാനം ഇരുട്ടടിയായിരിക്കുന്നത്.
സ്പീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. ലക്ഷക്കണക്കിന് സാധാരണ ട്രെയിന്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്നും . റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടെന്നും . തത്കാല്‍ ടിക്കറ്റുകളെടുപ്പിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് റെയില്‍വെ ശ്രമിക്കുന്നതെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.