അഞ്ച് ദിവസത്തിനകം പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്. നിങ്ങൾ ഇതുവരെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും 2023 മാർച്ച് 31 നകം പൂർത്തിയാക്കേണ്ടതുണ്ട്.
7പാൻ – ആധാർ രേഖകൾ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും.
പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) സൂചന നൽകുന്നുണ്ട്.
മൊത്തം 61 കോടി പാൻ കാർഡുകളിൽ 48 കോടി കാർഡുകൾ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സിബിഡിടി ചെയർപേഴ്സൺ നിതിൻ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും കോടിക്കണക്കിന് പാൻകാർഡുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും മാർച്ച് 31 നകം നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.