എറണാകുളം: ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയ ആൾ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചു. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. നിർമാണത്തൊഴിലാളിയാണ്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പോലീസ് കൈകാണിച്ചപ്പോൾ വണ്ടി അൽപ്പം മുന്നോട്ട് നീങ്ങിയാണ് നിർത്തിയതത്രെ. ഇതിൽ കുപിതനായ ഒരു പോലീസുദ്യോഗസ്ഥൻ മനോഹരനെ മർദിച്ചതായി നാട്ടുകാർ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. തുടർന്ന് മനോഹരനെ പോലീസ് പിടികൂടി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറയുന്നു.
ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആൾ മരിച്ച നിലയിലായിരുന്നു.
മനോഹരനെ പോലീസ് മർദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരണവിവരമറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.
അതേസമയം, മനോഹരനെ മർദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.
മനോഹരന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.
ഭാര്യ: സിനി.
മക്കൾ: അർജുൻ, സച്ചിൻ.