തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകർഷണതകളിൽ ഒന്നാണ് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് സർവീസ്. നഗര കാഴ്ചകളിലേക്ക് സഞ്ചാരികളെയും യാത്രക്കാരെയും കൊണ്ട് പോകുന്ന ഈ സർവീസ് വൻ ഹിറ്റുമാണ്. സമാനമായ രീതിയിൽ ഡബിൾ ഡക്കർ സർവീസുകൾ മറ്റ് നഗരങ്ങളിലും ആരംഭിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇപ്പോഴിതാ കോഴിക്കോട് നഗരത്തിൽ കൂടി ഡബിൾ ഡക്കർ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.
കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഡബിൾ ഡക്കർ സിറ്റി റൈഡ് ക്രമീകരിച്ചിരിക്കുന്നത്. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, വരക്കൽ ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ബസ് സഞ്ചരിക്കുക.
ഡബിൾ ഡക്കർ ബസിന്റെ രണ്ടാംനിലയുടെ മേൽക്കൂര മാറ്റി സഞ്ചാരികൾക്ക് കാഴ്ചകൾ കാണാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി രാത്രി വരെയായിരിക്കും സർവീസ് ഉണ്ടാവുക. 200 രൂപയായിരിക്കും ബസ് ടിക്കറ്റ്. കെ.എസ്.ആർ.ടി.സി ടൂറിസം മേഖലയിലെ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സർവീസ് ആരംഭിക്കുന്നത്.
വൻ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നഗരക്കാഴ്ചകൾക്കായി സമാനമായ സർവീസുകൾ ഉണ്ടാവാറുണ്ട്. കോഴിക്കോട് നഗരത്തിലെ കാഴ്ചകളും ഭക്ഷണവുമെല്ലാം ആസ്വദിക്കാനെത്തുന്നവർക്ക് ഏറെ സഹായകരമാവുന്നതായിരിക്കും സർവീസ്. കോഴിക്കോട് ജില്ലയ്ക്ക് പിന്നാലെ മറ്റ് നഗരങ്ങളിലേക്കും ഡബിൾ ഡക്കർ സർവീസുകൾ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം. സർവീസ് എന്നുമുതലാണ് ആരംഭിക്കുക എന്നകാര്യം കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിട്ടില്ല.