എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും സ്പോർട്സ് ക്വാട്ടാ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ് 16.10.2021 വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈൻ പേയ്മെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ ഒടുക്കേണ്ടതാണ്.
നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നല്ല.
ആദ്യഘട്ട അലോട്ട്മെന്റിൽ എഞ്ചിനീയറിംഗ് ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല.
ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ് കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാ നുള്ള സൗകര്യം എന്നിവ 17.10.2021 ഉച്ചയ്ക്ക് 2.00 മണി വരെ ലഭ്യമാകുന്നതാണ്.
ഒന്നാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റ് നിലനിൽക്കുന്നതായിരിക്കും. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.
ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടക്കാത്തവർ കൺഫർമേഷൻ നടത്തിയിരുന്നാൽ പോലും നിലവിലെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഓപ്ഷനുകളും നഷ്ടമാകുകയും തുടർന്ന് ഈ വിദ്യാർത്ഥികളെ രണ്ടാം ഘട്ട അലോട്ട്മെന്റിൽ ബന്ധപ്പെട്ട സ്ട്രീമിലെ അലോട്ട്മെന്റിന് പരിഗണിക്കുന്നതുമല്ല.
എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് 19.10.2021ന് പ്രസിദ്ധീകരിക്കുന്നതാണ്.