കണ്ണൂർ: വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റുകൾ പിടിച്ചെടുക്കാൻ ജനപ്രിയരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ സിപിഎം നീക്കം തുടങ്ങി. സീനിയർ താരങ്ങൾ മത്സരിക്കും. പത്തനംതിട്ടയിൽ തോമസ് ഐസക്കും കണ്ണൂരിൽ കെകെ ശൈലജയും സ്ഥാനാർത്ഥികളായേക്കും. പൊന്നാനിയിൽ കെടി ജലീലിനേയും പരിഗണിക്കുന്നു.
കോഴിക്കോട് വസീഫ്, ആലപ്പുഴയിൽ ആരിഫ്, പത്തനംതിട്ടയിൽ തോമസ് ഐസക്, കൊല്ലത്ത് ചിന്ത ജെറോം എന്നിങ്ങനെയും സാധ്യതകൾ പാർട്ടി പരിഗണിക്കുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും സിപിഎമ്മിന്റെ ലോ്ക്‌സഭാ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. സിപിഐ സ്ഥാനാർത്ഥി നിർണയത്തെ സംബന്ധിച്ചും അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനോയ് വിശ്വവും, തൃശ്ശൂരിൽ വി എസ് സുനിൽ കുമാറും മത്സരിക്കുമെന്നാണ് സൂചന.
ശബരിമല ഇഫക്ടിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും എൽ.ഡി.എഫിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് പുറത്തും ജനസ്വാധീനമുള്ള നേതാക്കളെ സിപിഎം തേടുന്നത്. പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട കണ്ണൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് പരീക്ഷണങ്ങൾ മാറ്റി വെച്ച് ജനപ്രീയരായ സ്ഥാനാർത്ഥികളെ മത്സരിക്കാൻ ആലോചിക്കുന്നത്. മട്ടന്നൂർ മണ്ഡലം എം.എൽ എ യും മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി വന്നേക്കും.
കെ.കെ ശൈലജയുടെ പേര് വടകര പാർലമെന്റ് മണ്ഡലത്തിലും സ്ഥാനാർത്ഥിയായി ഉയർന്നിട്ടുണ്ടെങ്കിലും കണ്ണുരിൽ തന്നെ മത്സരിക്കാനാണ് സാധ്യത, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരുന്ന തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിക്കാൻ സാധ്യത കുറവാണെന്നിരിക്കെ കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം. എന്നാൽ എംഎൽഎയായി തന്നെ തുടരാനാണ് കെ.കെ ശൈലജയ്ക്കു താൽപര്യമെങ്കിലും പാർട്ടി തീരുമാനം അനുസരിക്കേണ്ടിവരും.
അറുപതിനായിരത്തിന് മുകളിൽ റെക്കാർഡ് ഭൂരിപക്ഷം നേടിയാണ് കെ.കെ ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജയിച്ചത്. ഒഴിവുവരുന്ന മട്ടന്നുർ മണ്ഡലത്തിൽ ഡി.വൈ.എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജിനെയും മത്സരിപ്പിച്ചേക്കും. വടകര പാർലമെന്റ് മണ്ഡലത്തിൽ പി.കെ ശ്രീമതി, പി.ജയരാജൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷൻ ദേശീയ നേതാവുമായ പി.കെ ശ്രീമതി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. ഇവരെ കൂടാതെ പി.ജയരജന്റെ പേരും സജീവ പരിഗണനയിലാണ്.
വടകര മണ്ഡലത്തിൽ താമസക്കാരനായ പി ജയരാജന് വ്യക്തിപരമായി ഏറെ വോട്ടുകൾ വടകര മണ്ഡലത്തിൽ നിന്നും സമാഹരിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം. നേരത്തെ വ്യക്തി പുജാ വിവാദത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് വടകര പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകേണ്ടി വന്ന പി.ജയരാജൻ അന്നത്തെപ്പോലെ പാർട്ടിയിൽ ഇപ്പോൾ കടുത്ത എതിർപ്പ് നേരിടുന്നില്ല.
മുഖ്യമന്തി പിണറായി വിജയനൊപ്പം ധർമ്മടം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ഖാദി ബോർഡ് വൈസ് ചെയർമാനെന്ന നിലയിൽ അദ്ദേഹം പങ്കെടുക്കുകയും ജയരാജനെ പേരെടുത്ത് പരാമർശിച്ചു മുഖ്യമന്ത്രി പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ജയരാജനെ കണ്ടാൽ മിണ്ടാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി യിപ്പോൾ സംസാരിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളിൽ മഞ്ഞുരുകി തുടങ്ങിയിട്ടുണ്ടെന്ന വിവരമാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. കാസർകോട് മണ്ഡലം തിരിച്ചു പിടിക്കുന്നതിനായി ഡോ.വി.പി പി മുസ്തഫ, ടി.വി രാജേഷ് എന്നിവരുടെ പേരുകൾക്കാണ് പാർട്ടി മുൻഗണന നൽകുന്നത്.