വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന സിപിഎം അനുഭാവികളായ ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്നും പിൻവാതിൽ വഴി സിപിഎം നടത്തിയ അനർഹമായ എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തിൽ വന്നാൽ പുനഃപരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിച്ചാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.വകുപ്പ് സെക്രട്ടറിമാരുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായിട്ടാണ് നിയമനങ്ങൾ നടത്തുന്നത്.യുവാക്കളെ വഞ്ചിച്ച സർക്കാരാണിത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിഎസ്സിയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത നരേന്ദ്ര മോദിയുടെ അതേ പാത തന്നെയാണ് മുഖ്യമന്ത്രിയും പിന്തുടരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.