ഐ എസ് എൽ: ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം
ബാംബോലിൻ:ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ജംഷഡ്പൂർ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി മറെയും ജംഷഡ്പൂരിനായി വാൽസ്കിസും ഇരട്ടഗോൾ നേടി.
22-ാം മിനിറ്റിൽ കോസ്റ്റയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. എന്നാൽ 36-ാം മിനിറ്റിൽ വാൽസ്കിസ് ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു. 66-ാം മിനിറ്റിൽ ലാൽറുത്താര ചുവപ്പ്കാർഡ് കണ്ടതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരായി ചുരുങ്ങി. 79-ാം മിനിറ്റിൽ മറെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. 82-ാം മിനിറ്റിൽ ഗോൾകീപ്പർ രഹനേഷിൻ്റെ പിഴവ് മുതലെടുത്ത് മറെ വീണ്ടും ലക്ഷ്യം കണ്ടു. എന്നാൽ 84-ാം മിനിറ്റിൽ വാൽസ്കിസ് ജംഷഡ്പൂരിനായി ഒരു ഗോൾ കൂടി മടക്കി. ജംഷഡ്പൂർ സമനില പിടിക്കാൻ തുടർന്നും ആക്രമണങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.
ഇരു ടീമുകളും തുടക്കം മുതൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ജംഷഡ്പൂരിന് ക്രോസ്ബാർ വില്ലനായപ്പോൾ ബ്ലാസ്റ്റേഴ്സിന് ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി. ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഐ എസ് എൽ ജയമാണിത്.