2021-22 വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു.
ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്കയറ്റം നൽകണം.
അധ്യാപകർ ‘വർക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം.
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കണം.
അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം.
ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണം.
വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകാൻ നിലവിൽ സമ്പൂർണ വഴിയുള്ള സംവിധാനം തുടരാം.
വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം.
ഓൺലൈൻ പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഉടൻ പ്രസിദ്ധീകരിക്കും.