മലപ്പുറം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച മലപ്പുറം-ഊട്ടി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവിസ് 20 മാസത്തിന് ശേഷം ബുധനാഴ്ച പുനരാരംഭിച്ചു. അന്തർ സംസ്ഥാന സർവിസുകൾ വീണ്ടും തുടങ്ങിയതോടെയാണ് ഊട്ടി വണ്ടിക്ക് പച്ചക്കൊടി കിട്ടിയത്. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഏക അന്തർ സംസ്ഥാന സർവിസ് കൂടിയാണിത്. 2020 മാർച്ച് 23നായിരുന്നു അവസാന സർവിസ്.
രാവിലെ 11നാണ് ബസ് ഊട്ടിയിലേക്ക് പുറപ്പെടുക. വൈകുന്നേരം 4.15ഓടെ എത്തും. 4.40ന് മടങ്ങി രാത്രി 9.45ന് മലപ്പുറത്ത് തിരികെയെത്തും. ആദ്യ സർവിസിന് ഇന്നലെ കെഎംസിസിയുടെ നേതൃത്വത്തിൽ ഊട്ടി മലയാളികൾ സ്വീകരണം നൽകി. ഭാരവാഹികളായ ഇസ്മായിൽ ഹാജി, മുഹമ്മദ്, പി.കെ ഷാജി, ഷാഫി, മുസ്തഫ, അനിൽ, അലവിക്കുട്ടി, നസീർ, ഹംസ, മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.