പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ജനുവരി പത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മസ്റ്ററിംഗ്, ജീവൻരക്ഷാമരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ.
ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാവും. ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷ നൽകാൻ പറ്റാത്തവരുടെ വീട്ടിൽപോയി അപേക്ഷ വാങ്ങി നൽകി തുടർവിവരങ്ങൾ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾ വഴി നൽകും.
ഒറ്റയ്ക്ക് താമസിക്കുന്നവർ, ഭിന്നശേഷിക്കാർ, കാഴ്ചാപരിമിതി അടക്കമുള്ളവർ ഒക്കെ താമസിക്കുന്ന വീടുകളുടെ വിവരങ്ങൾ സന്നദ്ധസേവാംഗങ്ങളെ അറിയിക്കും. സർക്കാർ സംവിധാനങ്ങൾക്ക് ഈ വിവരങ്ങൾ എത്തിക്കും. ഈ പദ്ധതി ജനുവരി 15-ന് തുടങ്ങും. കളക്ടർമാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും.