തിരൂരങ്ങാടി: കാതു തുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ‘പറക്കുന്നവർ’ സൂക്ഷിക്കുക, മോട്ടർ വാഹന വകുപ്പ് നിങ്ങളുടെ പിന്നാലെയുണ്ട്. അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ‘ഓപ്പറേഷൻ ഡെസിബെലുമായി’ മോട്ടർ വാഹന വകുപ്പിന്റെ സ്പെഷൽ സ്ക്വാഡുകൾ നിരത്തിലിറങ്ങി.
മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം, വിവിധ സബ് ആർടി ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, തിരൂർ, വളാഞ്ചേരി, കോട്ടയ്ക്കൽ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചും ബസ് സ്റ്റാൻഡുകളിലും പരിശോധന നടത്തി.
2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ എയർ ഹോൺ ഘടിപ്പിച്ച 259 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 1.15 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്ന് ആർടിഒ കെ.കെ.സുരേഷ് കുമാർ പറഞ്ഞു.