ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയേയും, ജീവനക്കാരനേയും ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. അതിരമ്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫാണ് (26) ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിലായത്. പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പനച്ചിക്കാട് ഓട്ടക്കാഞ്ഞിരത്തു നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താര ഹോട്ടലിൽ ഇയാൾ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഹോട്ടലുടമ രാജു ജോസഫ്, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് എന്നിവരെയാണ് ആക്രമിച്ചത്. ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. കൂടാതെ റിസപ്ഷൻ കൗണ്ടർ തകർത്ത് അയ്യായിരത്തോളം രൂപയും കവർന്നു.സംഭവ ശേഷം ഇയാൾ സ്ഥലം വിട്ടിരുന്നു.