ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എക്സലൻസ് പുരസ്‌കാരം വള്ളുവനാട് സ്കൂളിന്
സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രവർത്തന മികവിനുള്ള എക്സലൻസ് പുരസ്‌കാരം പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ സ്കൂളിന് ലഭിച്ചു. ഈ അധ്യയന വർഷം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് ക്രിയാത്മകമായി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടപ്പിലാക്കിയതിനാണ് പുരസ്‌കാരം. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർധിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ലഹരി വിപത്തിനെതിരെ കേരള ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാവനം ചെയ്ത ലഹരി വിരുദ്ധ പ്രവർത്തന പദ്ധതി സേഫ്ഗാർഡ്’20 ലഖുലേഖകളും ബോധവൽക്കരണ പരിപാടികളും സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് കാര്യക്ഷമമായി നടപ്പിലാക്കിയത് അവാർഡ് നിർണ്ണയ സമിതി പരിഗണിച്ചു. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടന്ന സ്‌കൗട്ട് ദക്ഷിണ മേഖലാ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്നും സ്കൂൾ പ്രിൻസിപ്പളും, ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല കമ്മിഷണറും ആയ ശ്രീ പി ഹരിദാസ് പ്രശംസാ പത്രവും ശിലാഫലകവും ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി എം ജൗഹർ ട്രഷറർ ഡോ. ദീപ ചന്ദ്രൻ, ദേശീയ ഭാരവാഹികളായ ക്യാപ്റ്റൻ കിഷോർ സിംഗ് ചൗഹാൻ, സന്തറാം ബിദൂരി, രാഹുൽ കുമാർ, ആദി ശങ്കര ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി കെ ആനന്ദ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുത്തു.