കോട്ടയം: സൗഹൃദം പുതുക്കി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുനക്കരയില്‍ ഭവന സന്ദര്‍ശനം നടത്തി. ആചാരാനുഷ്ടാനങ്ങളെ സംരക്ഷിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ മതങ്ങളുടെയും സഭകളുടെയും ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തിരുനക്കര കുന്നുംപുറത്തെ കുടിവെള്ള പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. വെള്ളമുണ്ടായിട്ടും വിതരണത്തിന് തടസം നില്‍ക്കുന്ന എല്ലാ ബാഹ്യ ശക്തികളുടെ ഇടപെടലുകളെ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വീടുകളിലേക്ക് പ്രിയ നേതാവ് എത്തിയപ്പോള്‍ വളരെ സന്തോഷത്തോടും ആവേശത്തോടും അദ്ദേഹത്തെ അവര്‍ സ്വീകരിച്ചു. പലതും സുപരിചിതമായ മുഖങ്ങള്‍, പരിചയം പുതുക്കിയും കുശലാന്വേഷണം നടത്തിയും വോട്ട് അഭ്യര്‍ഥിച്ച് തിരുവഞ്ചൂര്‍ നടന്നുനീങ്ങി. തങ്ങളുടെ നാട്ടില്‍ എന്തെങ്കിലും മാറ്റം വരുത്താനോ എന്തെങ്കിലും വികസനങ്ങള്‍ കൊണ്ടുവരാനോ തിരുവഞ്ചൂരിനെ സാധിച്ചിട്ടുള്ളൂവെന്നും അതിന്റെ തുടര്‍ പ്രവര്‍ത്തനത്തിനായി ഓരോ വോട്ടും അദ്ദേഹത്തിന് നല്‍കി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, സന്തോഷ് സി. വാര്യര്‍, സുരേഷ് വാര്യര്‍, ജി. ഗോപകുമാര്‍, അച്ചന്‍കുഞ്ഞ് കുരുവിള, മാധവന്‍, എം.എന്‍. രവീന്ദ്രന്‍, സിനി എന്നിവര്‍ തിരുവഞ്ചൂരിനൊപ്പമുണ്ടായിരുന്നു.
വാഹനപ്രചാരണം അവസാനിച്ചത്തോടെ മണ്ഡലത്തിലെ വിവധ സ്ഥലങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തിയും വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചുമാണ് തിരുവഞ്ചൂരിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ പുതിയ തൃക്കോവില്‍ പ്രദേശത്ത് ഭവനസന്ദര്‍ശനം നടത്തിയായിരുന്നു പ്രചാരണ പരിപാടകിള്‍ തുടങ്ങിയത്. തുടര്‍ന്ന് കോട്ടയത്തെ മത്സ്യപച്ചക്കറി മാര്‍ക്കറ്റിലെ വിവിധ കടകളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. തിരുനക്കര, മൂലേടം മടമ്പക്കനടാവ് എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി.
വടവാതൂരിലെ എം.ആര്‍.എഫ്. ഫാക്ടറിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. എം.ആര്‍.എഫ്. ഐ.എന്‍.ടി.യു.സി. യൂണിയന്‍ നേതാക്കളായ കുഞ്ഞ് ഇല്ലംപള്ളി, മാത്യു വര്‍ഗീസ്, അജു ചാക്കോ എന്നിവരോടൊപ്പം അവിടുത്തെ തൊഴിലാളികളോട് അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചു. ചെട്ടിക്കുന്ന് കുടുംബയോഗത്തിലും യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.