സൗദിയിലെ വാഹനാപകടത്തിൽ മരണപ്പെട്ട ഷിൻസി ഫിലിപ്പിന്റെ വസതിയിൽ എം.എൽ.എ സന്ദർശിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര മന്ത്രിയുടെടെയും, മുഖ്യ മന്ത്രിയുടെയും സഹായം എം.എൽ.എ അഭ്യർത്ഥിച്ചു.
കുറവിലങ്ങാട്: സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വയലാ എടച്ചേരിത്തടത്തിൽ ഷിൻസി ഫിലിപ്പിന്റെ വീട്ടിലെത്തി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും, അനുശോചനം അറിയിക്കുകയും ചെയ്തു.
സൗദിയിലെ അപകടത്തിൽ മരണപ്പെട്ട ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, കേന്ദ്ര മന്ത്രി വി. മുരളീധരനോട് ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് കൊടുക്കുകയും ചെയ്തു.
സൗദി അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും, നോർക്കാ സെല്ലിലും മോൻസ് ജോസഫ് എം.എൽ.എ നിവേദനം സമർപ്പിച്ചു.
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ,
യു.ഡി.എഫ് നേതാക്കളായ സി.സി മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്,
തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും മോൻസ് ജോസഫ് എം.എൽ.എയോടൊപ്പം സന്നിഹിതരായിരുന്നു.