സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്നും ഇന്ത്യ-യുഎഇ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനമാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്നാണ് കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നത്. രാജ്യത്തിന്റെ അഭ്യന്തര – സാമ്ബത്തിക സുരക്ഷ തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഇതിനായി അവര്‍ വിദേശത്തും സ്വദേശത്തുമായി വന്‍തോതില്‍ ഫണ്ട് ശേഖരിക്കുകയും സ്വര്‍ണക്കടത്ത് നടത്തുകയും ചെയ്തുവെന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ സംഘത്തെ രൂപീകരിക്കാനായി നാട്ടില്‍ നിന്നും വിദേശത്തു നിന്നുമായി വന്‍തോതില്‍ ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും എന്‍ഐഎ പറയുന്നു.
സ്വപ്ന സുരേഷും പി.ആര്‍.സരിത്തും അടക്കം ഇരുപത് പേരെയാണ് കേസില്‍ പ്രതികളാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇനി ഒന്‍പത് പേരെ കൂടി പ്രതി ചേര്‍ക്കാനുണ്ടെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പേര് കുറ്റപത്രത്തില്‍ ഇല്ല.