തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മുള എംഎൽഎ വീണ ജോർജ്ജ്. സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ലന്നും വീണ ജോർജ് പറഞ്ഞു. അതേസമയം സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ് നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കര്‍ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ ഭരണമികവിൽ രാജ്യത്ത് ഒന്നാമതെന്ന റെക്കോർഡുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങൾ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനെന്നും വീണ ജോർജ് പറഞ്ഞു. നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർക്കെതിരെ എം ഉമ്മർ ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹത്തിന് തന്നെ വിശ്വാസമില്ല. അടിസ്ഥാനമില്ലാതെ സ്വാർത്ഥലാഭത്തിന് വേണ്ടി സഭയെ കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടർ ഒഴിവാക്കി ഊരാളുങ്കലിന് ഏൽപ്പിക്കാൻ എഴുതിയ കത്തും വീണ ജോർജ് ഉയർത്തിക്കാട്ടി. 2018 ൽ തന്നെ സഭ ടിവിയുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സഭ ടിവി പ്രവർത്തനം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഉടൻ എടുക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളി വന്നു. രാജ്യത്ത് ധ്വംസിക്കപ്പെടുകയും ആശയ സംവാദത്തിനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത്. അന്നതിനെ പ്രതിപക്ഷം പ്രകീർത്തിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി കേരളത്തിലെ ഇടതുമുന്നണിയെ വിരട്ടാമെന്ന് കരുതണ്ടെന്നും വീണ ജോർജ്ജ് എംഎൽഎ പറഞ്ഞു.
പ്രതിപക്ഷത്തു നിന്ന് എം.ഉമ്മര്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ബിജെപി അംഗം ഒ.രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ചു. സ്‌പീക്കര്‍ക്കെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്ന മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പ്രമേയം അവതരിപ്പിച്ച എം.ഉമ്മര്‍ സുധാകരനെതിരെ രംഗത്തെത്തി. കളിയാക്കല്‍ വണ്‍വേ ട്രാഫിക്കല്ലെന്നും ഇങ്ങോട്ട് കളിയാക്കിയാല്‍ തിരിച്ചും കളിയാക്കുമെന്നും ഉമ്മര്‍ പറഞ്ഞു. എപ്പോഴും തലയില്‍ കയറാന്‍ വരേണ്ടെന്നും സഭയില്‍ പ്രമേയാവതരണത്തിനിടെ ഉമ്മര്‍ പറഞ്ഞു.
പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്‌പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ്.ശര്‍മ എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്തിനു വിഷയ ദാരിദ്ര്യമാണ്. സ്‌പീക്കര്‍ക്കെതിരെ എന്താണ് ആരോപണമെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. സ്വപ്‌നയെ പ്രതിപക്ഷനേതാവ് ഇഫ്‌താറിന് ക്ഷണിച്ചെന്നും ശര്‍മ ആരോപിച്ചു. എന്നാല്‍, താന്‍ ഒരു വ്യക്തിയെയല്ല യുഎഇ കോണ്‍സുലേറ്റിനെയാണ് വിരുന്നിന് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.