കൊച്ചി: സോളാര്‍ പീഡനക്കേസില്‍ കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരി. ഇക്കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും താന്‍ ആര്‍ക്കെതിരെയൊക്കെ പരാതി കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെയെല്ലാം സിബിഐ അന്വേഷണം വേണമെന്നും സോളാര്‍ സംരംഭക കൂടിയായ പരാതിക്കാരി പറയുന്നു.
താൻ പരാതി നൽകിയ എല്ലാവരേയും സിബിഐക്കു മുന്നിൽ കൊണ്ടുവരണം. ഇതിൽ പാർട്ടി നോക്കുന്നില്ല. എപി അബ്ദുള്ളക്കുട്ടി, ജോസ് കെ മാണി അടക്കം താൻ ആർക്കെതിരെയെല്ലാം പരാതി നൽകിയിട്ടുണ്ടോ അവർക്കെതിരെ അന്വേഷണം ആവശ്യമാണ്. അതിൽ നിന്നും മാറി സംസാരിച്ചിട്ടില്ല. ഇതിൽ പാർട്ടിയല്ല, വ്യക്തികളാണ്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, കെസി വേണുഗോപാൽ, ഇവരെല്ലാം വ്യക്തികളാണ്- പരാതിക്കാരി പറയുന്നു.
തന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. കേസ് സംസ്ഥാന പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അന്വേഷിക്കുന്നുണ്ട്. പരാതിക്കാരി പറഞ്ഞു.
പൊലീസിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ 60 ശതമാനം കേരളത്തിലും 40 ശതമാനം സംസ്ഥാനത്തിന് പുറത്തുമാണ് നടന്നത്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ചതിലും സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായതിലും സര്‍ക്കാരിനോട് നന്ദിയുണ്ട്. പരാതിക്കാരി പറയുന്നു.
കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനത്തിലൂടെയാണ് പുറത്തിറക്കിയത് . സംസ്ഥാന പൊലീസിന്റെ വിവിധ സംഘങ്ങള്‍ നാലരവര്‍ഷമായി അന്വേഷിച്ചിട്ടും എങ്ങുമെത്താതിരുന്ന കേസ് സിബിഐ ഏറ്റെടുക്കുമോ എന്നത് നിര്‍ണായകമാണ്.