കോട്ടയം: സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചു. തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാക്കി.
കോവിഡ് പ്രതിസന്ധികളിൽ അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നപ്പോൾ, ആ ദിവസങ്ങളിൽ സെക്കൻഡ് ഷോ ഇല്ലായിരുന്നു. അതോടെ സിനിമാവ്യവസായത്തിന് കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സ്ഥിതി തുടർന്നാൽ തീയറ്റർ ഉൾപ്പെടെയുള്ള സിനിമാ വ്യവസായം പിടിച്ചുനിൽക്കാൻ കഴിയാതെവരും എന്നും ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.
പിന്നീട് പ്രദർശന സമയ നിയന്ത്രണം മാറ്റാൻ കോവിഡ് കോർ കമ്മിറ്റി സർക്കാരിനു ശുപാർശ നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കിയത്.
നേരത്തെ തീയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചുകൊണ്ടുളള കേന്ദ്ര സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിറക്കിയെങ്കിലും സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല.
ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സെക്കൻഡ് ഷോ ഉൾപ്പെടെ പ്രദർശനം ആരംഭിച്ചപ്പോൾ തിയേറ്റർ ഉൾപ്പെടെ സിനിമാവ്യവസായത്തിന് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്.