കെയ്റോ:ഈജിപ്തിലെ സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പൽ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്. തുടർന്ന് കപ്പിലനെ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. ടഗ് ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ നടന്നത്. എവർഗിവൺ നീങ്ങിത്തുടങ്ങിയതോടെ സൂയസ് കനാലിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃരാരംഭിച്ചു.
പെട്ടെന്നുള്ള കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് എവർഗിവൺ കനാലിൽ കുടുങ്ങിയത്. ചൈനയിൽ നിന്ന് നെതർലാൻഡിലെ റോട്ടർഡാമിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. എവർഗിവൺ കുടുങ്ങിയതോടെ 450 ഓളം കപ്പലുകളുടെ യാത്രയാണ് തടസപ്പെട്ടത്