മാന്നാർ : മാന്നാർ കുട്ടംപേരൂർ കരിയിൽ കിഴക്കേതിൽ സുഭാഷ്(35)നെ കൊലപ്പെടുത്തുകയും സഹോദരൻ സുരേഷിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
മാന്നാർ കുട്ടംപേരൂർ ചൂരക്കാട്ടിൽ ബോബസ്, സഹോദരൻ ബോബി എന്ന് വിളിക്കുന്ന ശ്യാംകുമാർ, കുട്ടംപേരൂർ ചൂരക്കാട്ട് ജോയ്, കുരട്ടിക്കാട് പള്ളിയമ്പിൽ ജയകൃഷ്ണൻ, ചൂരക്കാട്ടിൽ ആഷിക്, വെട്ടിയാർ മേലാം തറയിൽ ഗിരീഷ്, എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പ്രതിയായിരുന്ന മാന്നാർ കുട്ടംപേരൂർ മൂന്നു പുരയ്ക്കൽ താഴ്ചയിൽ മുകേഷ് വിചാരണയ്ക്ക് മുമ്പ് മരണപ്പെട്ടിരുന്നു.2011 നവംബർ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം സുഭാഷിനെയും സുരേഷിനെയും വീട്ടിലുള്ളവരുടെ മുന്നിലിട്ടു വെട്ടുകയായിരുന്നു. ഇവരുടെ അമ്മ സരസമ്മ സുഭാഷിന്റെ ഭാര്യ മഞ്ജു, മകൾ അരുന്ധതി എന്നിവർക്കും വെട്ടേറ്റിരുന്നു. മകൻ ആദിത്യന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. സുഭാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത് പിഴയായി അടയ്ക്കുന്ന തുകയിൽനിന്ന് നാൽപതിനായിരം രൂപ പ്രതികൾ കൃത്യത്തിന് എത്തിയപ്പോൾ നശിപ്പിച്ച ബൈക്കിന്റെ ഉടമക്ക് നൽകണം ബാക്കി തുകയുടെ 75 ശതമാനം കൊല്ലപ്പെട്ട സുഭാഷിന്റെ ഭാര്യ മഞ്ജുവിനും 25 ശതമാനം സുരേഷിനും നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. 2011 നവംബർ മാസത്തിൽ നടന്ന സംഭവത്തിൽ മാന്നാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എഫ് ഐ ആർ തയ്യാറാക്കി കുറ്റപത്രം കോടതിയിൽ നൽകിയത് പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ നാസറുദ്ദീൻ ഹാജരായി.