സുനിൽ ചാക്കോ, കുമ്പഴ
കണ്ണൂർ: പയ്യന്നൂർ : 98-ാം വയസിൽ കോവിഡിനെ തോൽപ്പിച്ച ചലച്ചിത്ര നടനും, സിനിമ മുത്തച്ഛനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.വീട്ടിൽ വിശ്രമിക്കുക ആയിരുന്നു. ഇപ്പോൾ വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. കവിയും സിനിമ ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവാണ്.
ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ ആ സമയത്ത് കോവിഡ് നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്.പിന്നീട് കോവിഡ് ഭേദമായിരുന്നു.
1996-ൽ ദേശാടനം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമ യിൽ വന്നത്. അതിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അഭിനയിച്ചിരുന്നു.
മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിച്ചു . അങ്ങനെയാണ് മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടിയത്. ഭാര്യ പരേതയായ ലീല അന്തർജ്ജനം. . ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് മക്കൾ.
ആദരാഞ്ജലികൾ….