ഇന്ന് മുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി.
ഇതുസംബന്ധിച്ച് വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിലാണ് 100 ശതമാനം സീറ്റുകൾക്കും അനുമതി നൽകിയത്.
കേന്ദ്ര തീരുമാനത്തെ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ സ്വാഗതം ചെയ്തു.
എന്നാൽ കൺടെയ്ൻമെന്റ് മേഖലകളിൽ തിയേറ്റർ തുറക്കരുത്.
അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
തിയേറ്ററിലെത്തുന്നവർ സാമൂഹിക അകലം, മുഖാവരണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
പ്രവേശനകവാടങ്ങളിൽ സ്പർശിക്കാതെ പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ സംവിധാനമൊരുക്കണം.
സന്ദർശകരുടെ താപനിലയളക്കാനും സംവിധാനം വേണം.
സന്ദർശകർ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാർഗരേഖയിൽ പറഞ്ഞു.
തിയേറ്ററുകളുടെ പരിസരത്തെ തിരക്കൊഴിവാക്കാൻ ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുമെന്ന് വാർത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
തിയേറ്റർസ്റ്റാളിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണവും വെള്ളവും സന്ദർശകർക്ക് വാങ്ങുകയും ഹാളിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം.
ഇതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി.
തിരക്ക് കുറയ്ക്കാനായി ടിക്കറ്റ്് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, ഒരു സിനിമ കഴിഞ്ഞ് അടുത്തത് തുടങ്ങാനുള്ള ഇടവേള ദീർഘിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും പറയുന്നുണ്ട്. സന്ദർശകരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ തിയേറ്റർ മുഴുവനും അണുവിമുക്തമാക്കണം.