കൊച്ചി∙ മിസ് കേരള മത്സര ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചൻ സിനിമാരംഗത്തെ പലർക്കും സ്ഥിരമായി ലഹരിമരുന്നു കൈമാറ്റം ചെയ്തിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
പക്ഷേ, ഇവരുടെ ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടില്ലാത്തിനാൽ ലഹരി നൽകുകയല്ലാതെ അവരുടെ പാർട്ടികളിൽ സൈജുവിനു പ്രവേശനമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് അനുമാനം. ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു രാസലഹരി മരുന്ന് എത്തിച്ചിരുന്ന കോഴിക്കോട്ടെ സംഘത്തിന്റെ വിശദാംശങ്ങളും സൈജുവിന്റെ മൊഴികളിലുണ്ട്.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചശേഷം സൈജു പ്രതിയായ മറ്റു ലഹരിക്കേസുകളിൽ വിശദമായ അന്വേഷണം നടത്താനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിർദേശം.
കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഈ കേസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.
2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റിങ്ങിൽ നായാട്ടും തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ച വിശദമായ ചോദ്യം ചെയ്യലിനു പൊലീസിന് അവസരം ലഭിച്ചിരുന്നില്ല.