പാലക്കാട്: സമുദായ ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ കല്‍പ്പിച്ച ഊരുവിലക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. തരൂര്‍ സ്വദേശി എസ്. ജയപ്രകാശ് സമര്‍പ്പിച്ച പരാതിയാണ് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി പരിഹരിച്ചത്.
പരാതിക്കാരനെ സമുദായകാര്യങ്ങളില്‍നിന്ന് ഒഴിവാക്കി നിര്‍ത്തുന്നു എന്നായിരുന്നു പരാതി. ഊരുവിലക്കിനെ തുടര്‍ന്ന് പരാതിക്കാരന്റെ ഭാര്യയെ ക്ഷേത്രത്തില്‍നിന്നും ഇറക്കിവിട്ടു. ക്ഷേത്രത്തിലെ പറയെടുപ്പ് പരാതിക്കാരന്റെ വീട്ടില്‍ നടത്തിയില്ല.
അന്വേഷണത്തിനായി കമ്മിഷന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. പരാതിക്കാരന് സമുദായ കമ്മിറ്റിയിലും അമ്പലത്തിലും ഇഷ്ടമുള്ള ഭാരവാഹിത്വം നല്‍കാന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നതായി പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.