സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു
ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതൽ ഡോസ് വാക്സിനുകൾ അടുത്ത ദിവസങ്ങളിൽ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സാധ്യമാകുന്നതാണ്.
സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 1,86,421 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 98,287 മുന്നണി പോരാളികൾക്കും 2,15,297 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 1,53,578 അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റസുഖമുള്ളവർക്കും വാക്സിൻ നൽകിയിട്ടുണ്ട്.