വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനൊന്നും സഹകരിക്കാത്തവർ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കണം.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്. ഇതുവരെയും വാക്സിൻ എടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല.
ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു. വാക്സീൻ എടുക്കാത്ത അധ്യാപകർ
ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 201 പേർ. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്സിൻ എടുത്ത അധ്യാപക അനധ്യാപരായിട്ടുള്ളവർ.
തിരുവനന്തപുരത്ത് 87 അധ്യാപകരും 23 അനധ്യാപകരും അടക്കം 110 പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. കൊല്ലത്ത് 90 പേരും പത്തനംതിട്ടയില്‍ 51 പേരും ആലപ്പുഴയില്‍ 89 പേരും വാക്‌സിന്‍ എടുത്തിട്ടില്ല. കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, പാലക്കാട് 61. വയനാട് 29, കണ്ണൂര്‍ 90, കാസര്‍കോട് 36 എന്നിങ്ങനെയാണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്കുകള്‍.
മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നാണ് കേന്ദ്ര മാർഗനിർദേശം. പ്ലസ്ടു തലംവരെ 47 ലക്ഷം വിദ്യാർഥികളുണ്ട് . കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ റിസൾട്ട് നൽകണം.