തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഷോകോസ് നോട്ടിസ് അയച്ചെന്ന് മന്ത്രി പറഞ്ഞു. 1707 അധ്യാപകർ-അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. എൽപി, യുപി വിഭാഗങ്ങളിൽ 1066 പേരാണ് വാക്സിൻ എടുക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ അധ്യാപകർ വാക്സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 184 അധ്യാപകരാണ് ജില്ലയിൽ വാക്സിൻ എടുക്കാനുള്ളത്. തിരുവനന്തപുരം -87, കൊല്ലം-67, പത്തനംതിട്ട-40, ആലപ്പുഴ – 77,കോട്ടയം-61, ഇടുക്കി-36, എറണാകുളം-89, തൃശൂർ-103, പാലക്കാട്-54, കോഴിക്കോട്-136, കണ്ണൂർ-75, കാസർഗോഡ്- 32 എന്നിങ്ങനെയാണ് കണക്കുകൾ. ഏറ്റവും കുറവ് അധ്യാപകർ വാക്സിൻ എടുക്കാനുള്ളത് വയനാട്ടിലാണ് (25).
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ സർട്ടിഫിക്കറ്റ് ഹാരാജരാക്കണമെന്നും മന്ത്രി നിർദേശിച്ചു. വാക്സിനെടുക്കാത്തവർ ഓരോ ആഴ്ചയും നിർബന്ധമായും ആർടി പിസിആർ എടുക്കണം. ആരോഗ്യപ്രശ്‌നം ഇല്ലാത്ത അധ്യാപകരുടെ കണക്കുകൾ ഇപ്പോൾ പുറത്തുവിടുന്നില്ല. അധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരെയും ആക്ഷേപിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.