കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്.
അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 2.5 ലക്ഷം ആളുകളെ വരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾ സ്വയം പ്രതിരോധവും നിയന്ത്രണവും വർധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കോവിഡ് പരിശോധന, വാക്സിൻ, നിയന്ത്രണങ്ങൾ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്.
മുൻഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കാവും മുൻഗണന.
45 വയസ്സിന് താഴെയുള്ളവരിൽ പരിശോധന കൂട്ടും.
60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്.
7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ഇത് ജനങ്ങൾക്ക് വിതരണം ചെയ്യും. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യും.
പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും.
അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടം കുറയ്ക്കണം.
ഹോം ഡെലിവറി സംവിധാനം വർധിപ്പിക്കണം.
തീയറ്ററുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന നിർദേശം തീയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.