സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
പുതിയ സർക്കാർ വന്നതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുൻപ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കേട്ട കോടതി ഇതിൽ അന്തിമ തീർപ്പ് പറയും.
നേരത്തെ മൂന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിച്ചിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. തുടർന്ന് നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.