ശോഭാ സുരേന്ദ്രന്‍ ഇനി പാര്‍ട്ടി വേദികളിലുണ്ടാവും. പരാതികള്‍ അതേപടി നിലനില്‍ക്കുമ്പോഴും ദേശീയനേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് മടങ്ങിവരവ്. പത്തുമാസത്തിന് ശേഷം ശോഭയുടെ തിരിച്ചുവരവിന് സാക്ഷിയാകാനും ദേശീയ അധ്യക്ഷനുണ്ടായിരുന്നു.
പുനസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ വന്നതോടെയാണ് ശോഭസുരേന്ദ്രന്‍ ബിജെപി നേതൃത്വത്തില്‍ നിന്ന് അകന്നത്. പാര്‍ട്ടി വേദികളില്‍ നിന്ന് മാറി നിന്ന ശോഭ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയില്ല. സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ അന്നേ ദിവസം സംസ്ഥാന നേതാക്കള്‍ക്കെതിരെ പരാതിയുമായി ശോഭ ഡല്‍ഹിയിലേക്ക് പോയി. ശോഭ നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. അതേസമയം ശോഭയുടെ പ്രതിഷേധവും പരാതികളും കണക്കിലെടുക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയാറായില്ല. പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടു നിന്നുകൊണ്ടുള്ള പരസ്യപ്രതിഷേധത്തില്‍ ആര്‍എസ്എസും കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ ശോഭ സുരേന്ദ്രന്‍ സമ്മര്‍ദ്ദത്തിലായി. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശോഭ സുരേന്ദ്രന്‍ ഇനിയും പാര്‍ട്ടി വേദികളില്‍ വിട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രനേതൃത്വവും കര്‍ശന നിലപാടെടുത്തു. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദോഷകരമാകുമെന്ന തിരിച്ചറിവും ശോഭയുടെ തിരിച്ചുവരവ് വേഗത്തിലാക്കി.
പാര്‍ട്ടി വേദികളില്‍ സജീവമാകുന്ന ശോഭയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ സംസ്ഥാന നേതൃത്വം തയാറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.