കോട്ടയം: ഈ തെരഞ്ഞെടുപ്പ് അയ്യപ്പവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. തിരുനക്കരയില്‍ നടന്ന അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ശബരിമല വിശ്വാസികളെ കണ്ണീരു കുടിപ്പിച്ചവര്‍ ഇനി ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എത്തരുതെന്നും ആപത്തില്‍ സഹായിക്കാത്തവരും നിയമസഭയില്‍ എത്താതിരിക്കാന്‍ അയ്യപ്പഭക്തര്‍ കരുതിയിരിക്കണമെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ചവിട്ടി അരയ്ക്കുകയാണ് ഇടതു വലതു മുന്നണികള്‍ ചെയ്തത്. തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ കടകംപള്ളി കടകം മറിഞ്ഞു കൊണ്ട് ഖേദപ്രകടനവുമായി വന്നു. ഉടന്‍ യെച്ചൂരി തിരുത്തുമായി എത്തി. പിന്തുണച്ച് പിണറായിയും. ഇത് ആരെ പറ്റിക്കാനാണെന്ന് മനസ്സിലാക്കാന്‍ ശബരിമല വിശ്വാസികള്‍ക്കു കഴിയും. ഇതേ അടവുമായി വലതുപക്ഷവും വരുന്നു. സുപ്രീംകോടതി വിധി വന്നാല്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ആരാണ് ബന്ധപ്പെട്ടവര്‍ എന്നു മുഖ്യമന്ത്രി പറയണം. എന്തിനാണ് തുടര്‍ഭരണം ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുവിന്റെ വോട്ട് ശബരിമലയെ സംരക്ഷിക്കാന്‍ ആചാരസംരക്ഷണത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള പ്രത്യുപകാരമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന സംഗമം സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ദര്‍ശനാനന്ദ സരസ്വതി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി അദ്ധ്യക്ഷനായി.
ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സത്യശീലന്‍, ബ്രാഹ്മണസമൂഹമഠം പ്രസിഡന്റ് എച്ച്. രാമനാഥന്‍, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കെ.പി. ഗോപിദാസ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ജി.കെ. ഉണ്ണികൃഷ്ണന്‍, വിശ്വകര്‍മ്മസഭ വൈസ് പ്രസിഡന്റ് മുരളി തകടിയേല്‍, ഡോ. പി.ജി. സനീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ എന്‍. ഹരി, ടി.എന്‍. ഹരികുമാര്‍, മിനര്‍വ മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി സ്വാഗതവും എം.എസ്. മനു നന്ദിയും പറഞ്ഞു.