ശബരിമല കലിയുഗവരദ ദർശന സായൂജ്യമടഞ്ഞ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി
കഴിഞ്ഞ ദിവസം ആണ് ഇരുമുടി കെട്ടുമേന്തി ശരണം വിളിയുമായി, അയ്യപ്പദർശനപുണ്യം തേടി സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ എത്തിയത്.
പതിനെട്ടാം പടി കയറി അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവർണ്ണർ തിരുമുറ്റത്തു നിന്ന് വാവര്സ്വാമിയെ വണങ്ങാനായി പോയത്.
ശേഷം ഗസ്റ്റ് ഹൗസിൽ വിശ്രമം.ഇന്ന് രാവിലെ ഒൻപത് മണിയോടെ ഗവർണ്ണർ ശബരിമല മാളികപ്പുറത്തെ മണിമണ്ഡപത്തിന് തൊട്ടടുത്തായി ചന്ദനമരതൈ നട്ടു നനച്ചു.ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു ചന്ദന മരതൈ ഗവർണ്ണർക്ക് കൈമാറി. പിന്നേട് അദ്ദേഹം ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ക്ലീനിംഗിൽ പങ്കാളിയായി.മകൻ കബീറും അച്ഛനൊപ്പം കൂടി. ക്ലീനിംഗിൽ ഏർപ്പെട്ടിരുന്നവരുമൊത്ത് ഫോട്ടോ എടുക്കാനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മടി കാട്ടിയില്ല. പുണ്യം പൂങ്കാവനത്തിൻ്റെ ശബരിമലയിലെ ഓഫീസ് സന്ദർശിച്ച ശേഷം അദ്ദേഹം തൻ്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററിൽ രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷർ പുണ്യം പൂങ്കാവനം കോ -ഓഡിനേറ്റർ സബ് ഇൻസ്പെക്ടർ സജി മുരളി ഗവർണർക്ക് കൈമാറി.ശബരിമല ദർശനത്തിനായി നല്ല രീതിയിലുള്ള സൗകര്യം തനിക്ക് ക്രമീകരിച്ചു നൽകിയതിനും തനിക്ക് നൽകിയ സ്നേഹ നിർഭരമായ വരവേൽപ്പിനും ദേവസ്വം ബോർഡിനോടും ദേവസ്വം ജീവനക്കാരോടുമുള്ള നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. ഇനിയും ശബരിമല ദർശനത്തിനായി എത്തുമെന്നുള്ള ആഗ്രഹവും പങ്കുവെച്ചാണ് ഗവർണ്ണർ ശബരിമല സന്നിധാനത്തിൽ നിന്ന് മടങ്ങിയത്.ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന് ഗവർണ്ണർക്ക് നന്ദി പറഞ്ഞു.സ്വാമി അയ്യപ്പൻ റോഡുവഴിയായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മലയിറക്കം.