ശബരിമലയെ സഹായിക്കാൻ ഭക്തരുടെ സഹായം അഭ്യർത്ഥിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ
145 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി
ശബരിമലയെ സഹായിക്കാൻ ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് 19 ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ അഭ്യർഥന. മുൻവർഷം 260 കോടിയുണ്ടായിരുന്ന വരുമാനം ഈ വർഷം കേവലം 16 കോടിയായി കുറഞ്ഞു. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു. സാമ്പത്തിക ഭദ്രത കുറഞ്ഞ ക്ഷേത്രങ്ങൾക്ക് സംരക്ഷണ കവചമായി നിന്ന ശബരിമല വരുമാനം കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കും. ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാരിൻ്റെ സഹായം ഉറപ്പായും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഭക്തരുടെ സഹകരണം കൂടിയുണ്ടെങ്കിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പ്രത്യാശിച്ചു.
ശബരിമല തീർത്ഥാടകർക്ക് വഴിമധ്യേ വിശ്രമിക്കുന്നതിനും കാത്തിരിക്കുന്നതിനുമായുള്ള 145 കോടി രൂപായുടെ പദ്ധതിക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ആദ്യത്തെ ആറ് ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന ജോലികൾ ഉടൻ പൂർത്തീകരിക്കാനാകും. കേന്ദ്ര ഗവൺമെൻ്റിൻ്റെ അംഗീകാരം ലഭിച്ച കമ്പനിയാവും ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക.
ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായും സാമ്പത്തികാനുമതി ലഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. ശബരിമല മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി 21.5 കോടി രൂപാ ചിലവഴിച്ച് നിർമ്മിച്ച അന്നദാന മണ്ഡപത്തിൻ്റെ ഉദ്ഘാടനം, ഹരിവരാസനം പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും യോജിച്ചുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഒറ്റയടിക്ക് ഇത്ര വലിയ തുകയുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായതെന്നും മന്ത്രി പറഞ്ഞു.